എസ്ഡിപിഐ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി; സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമെന്ന് വി എം സുധീരന്‍

single-img
31 July 2019

കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എസ്ഡിപിഐ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയെ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. എസ്ഡിപിഐയെ നിയമപരമായി നേരിടണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചത്. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചാവക്കാട് ആക്രമണം പോലീസിന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. പറഞ്ഞു. നിരന്തരം സംഘര്‍ഷമുണ്ടാകുന്ന തീരദേശമേഖലയില്‍ പോലീസ് ജാഗ്രത കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെട്ടേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായ പുതുവീട്ടില്‍ നൗഷാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പുന്ന സെന്ററില്‍ വച്ചാണ് നൗഷാദ് ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റത്. മറ്റ് മൂന്നു പേരും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവരെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചുവെങ്കിലും എസ്ഡിപിഐ ഇത് നിഷേധിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഷാദിന് ഒട്ടേറെ ശത്രുക്കളുണ്ട്. അവരാണ് ആക്രമണം നടത്തിയതെന്നാണ് എസ്ഡിപിഐയുടെ മറുപടി.