എസ്ഡിപിഐയും ആർഎസ്എസും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ: കോടിയേരി ബാലകൃഷ്ണൻ

single-img
31 July 2019

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം എസ്ഡിപിഐക്കാരാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും രംഗത്തെത്തി. ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്നും സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസിന്റെ വീഴ്ചയാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. സംഘടനയെ നിയമപരമായി നേരിടണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.