ചാവക്കാട് കൊലപാതകം: പിന്നിൽ എസ്ഡിപിഐയെന്ന് ഉമ്മൻ ചാണ്ടിയും സുധീരനും; സിപിഐഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനിൽ അക്കര

single-img
31 July 2019

ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ എസ്ഡിപിഐയെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കൾ. അതേസമയം കൊലപാതകത്തിനു പിന്നിലെ സിപിഐഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട അനിൽ അക്കര എംഎൽഎയ്ക്കെതിരെ വ്യാപകവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു. ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്നും സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും വി എം സുധീരനും ആരോപിച്ചിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിരുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഭിപ്രായമാണ് വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര രേഖപ്പെടുത്തിയത്. നൗഷാദിന്റെ കൊലപാതകത്തിൽ
സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്നും അവരുടെ അറിവില്ലാതെ നൗഷാദിനെ ആർക്കും കൊല്ലാനാകില്ലെന്നുമായിരുന്നു അനിൽ അക്കര ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്.

നൗഷാദിക്കയുടെ കൊലപാതകം സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം .ഇവരുടെ അറിവില്ലാതെ ഇവർക്ക് പങ്കില്ലാതെ നൗഷാദിക്കയെ ആർക്കും കൊല്ലാനാകില്ല .

Posted by ANIL Akkara M.L.A on Wednesday, July 31, 2019

എസ്ഡിപിഐ പ്രവർത്തകർ നടത്തിയതെന്ന് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിനുമേൽ ആരോപിച്ചതിന് സിപിഎം അണികളും അനുഭാവികളും അനിൽ അക്കരയ്ക്കെതിരെ ഫെയ്സ്ബുക്കിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തുന്നത്.

ഇന്നലെ രാത്രിയാണ് ചാവക്കാട് പുന്നയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഇതിൽ പുന്ന സ്വദേശി നൌഷാദ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.