ജീവന് ഭീഷണിയുണ്ട്; നടപടി എടുക്കണം; അപകടത്തിന് 15 ദിവസം മുന്‍പ് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതി

single-img
30 July 2019

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോ കേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കിയിരുന്നെന്ന് ബന്ധുക്കള്‍. ജൂലൈ 12നാണ് പെണ്‍കുട്ടി കത്ത് നല്‍കിയത്. തനിക്കെതിരെ ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നു. ”കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”, എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നു.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്.
അതേസമയം കത്ത് ചീഫ് ജസ്റ്റിസ് പരിഗണിച്ചോ എന്ന കാര്യം വ്യക്തമല്ല. തൊട്ടടുത്ത ദിവസം അമ്മ പോലീസിലും പരാതി നല്‍കിയിരുന്നു. അജ്ഞാതരായ ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ രണ്ട് സംഭവങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എം.എല്‍.എക്കെതിരെ പരാതിയുമായി ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും അലഞ്ഞത്. ഒടുവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ സ്വയം തീ കൊളുത്തിയതോടെയാണ് പോലീസ് കേസ് ഗൗരവമായെടുത്തത്. തൊട്ടു പിന്നാലെ കുട്ടിയുടെ അച്ഛന് എം.എല്‍.എയുടെ സഹോദരന്റെ ക്രൂരമായ മര്‍ദനമേറ്റു. ദിവസങ്ങള്‍ക്ക് ശേഷമാണ് കേസിലെ പ്രധാന സാക്ഷി മുഹമ്മദ് യൂനുസ് കൊല്ലപ്പെടുന്നത്.

അതേസമയം, ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന പരാതിക്കാരിയുടെ നില അതീവ ഗുരുതരമായി. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റിട്ടുള്ള പെണ്‍കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുകയാണെന്നും അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ അഭിഭാഷകനും പരിക്കേറ്റ് വെന്റിലേറ്ററിലാണ്. പെണ്‍കുട്ടിയുടെ വാരിയെല്ലും തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടസമയം മുതല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. നിരവധി കുഴലുകളുടെ സഹായത്തോടെയാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. തലയിലും നിരവധി പരിക്കുകളുണ്ട്. ശ്വാസകോശത്തിലെ പരിക്കുകളാണ് സ്ഥിതി വഷളാക്കുന്നതെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

സ്ഥിതി ഗുരുതമായി തുടരുന്നതിനാല്‍ പെണ്‍കുട്ടിയ സന്ദര്‍ശിക്കാനെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങളെ ഡോക്ടര്‍മാര്‍ കാണാന്‍ അനുവദിച്ചില്ല. ഞായറാഴ്ചയാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പ്രതിയായ ബലാത്സംഗക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ റായ്ബറേലിയില്‍വെച്ച് അതിവേഗത്തില്‍വന്ന ട്രക്കിടിച്ച് അപകടമുണ്ടായത്.

പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ബന്ധുക്കളായ രണ്ടുസ്ത്രീകള്‍ മരിക്കുകയും ചെയ്തിരുന്നു. ഇവരിലൊരാള്‍ ഉന്നാവോ കേസിലെ സാക്ഷിയാണ്. സംഭവത്തില്‍ എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എം.എല്‍.എ.യും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്.