സ്വന്തം എംഎല്‍എയെ പോലീസ് തല്ലിയിട്ടും പാര്‍ട്ടിക്ക് പ്രശ്നമില്ലാത്തത് ഭരണത്തിന്‍റെ തണലില്‍ സിപിഐ ഉല്ലസിക്കുന്നതിനാൽ: യുഡിഎഫ്

single-img
30 July 2019

കേരളത്തിലെ ഭരണത്തിന്‍റെ തണലില്‍ സിപിഐ ഉല്ലസിക്കുന്നതിനാലാണ് സ്വന്തം എംഎല്‍എയെ പൊലീസ് തല്ലിയിട്ടും പാര്‍ട്ടിക്ക് പ്രശ്നമില്ലാത്തതെന്ന് യുഡിഎഫ് യോഗം ആരോപിച്ചു. കേരളത്തിൽ നിലവിലുള്ളത് പോലീസ് രാജ് ആണ്. സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. പ്രളയ ശേഷമുള്ള ദുരിതാശ്വാസത്തില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കസ്റ്റഡി മരണത്തില്‍ പോലീസ് അന്വേഷണം മരവിച്ച അവസ്ഥയാണ്.

ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണത്തിനു കീഴില്‍ പിഎസ്‍സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. പിഎസ്സിയുടെ പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേസ് അട്ടിമറിക്കാനാണ്. അതേപോലെ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിർക്കാൻ ഖജനാവിൽ നിന്ന് പണം മുടക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.

കേരളാ കോൺഗ്രസിൽ നിലനിൽക്കുന്ന പി ജെ ജോസഫിന്റെ അതൃപ്തിപരിഹരിക്കാൻ അദ്ദേഹവുമായി ചർച്ച നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. പാർട്ടിയിലെ ഇരു വിഭാഗത്തേയും ഒരുമിച്ച്‌ കൊണ്ടു പോകണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹം. വരുന്ന ഉപതെരഞ്ഞെടുപ്പിൽ
ആറിടത്തും യുഡിഎഫിന് ജയസാധ്യതയാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.