നിങ്ങൾക്ക് തോക്ക് കൈവശം വെക്കാൻ ലൈസൻസ് ലഭിക്കണോ, എങ്കിൽ 10 ചെടി നട്ട് അതിനൊപ്പമുള്ള സെല്‍ഫി നല്‍കണം

single-img
30 July 2019

കേട്ടാൽ വിചിത്രമെന്നു തോന്നാവുന്നതെങ്കിലും ഈ നിയമം പഞ്ചാബിലെ ഫിറോസ് പൂർ ജില്ലയില്‍ നിലവിൽ വന്നിരിക്കുകയാണ്. അവിടെ നിങ്ങൾക്ക് തോക്കിന് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷിക്കുന്നതിന് മുമ്പ് 10 ചെടികളെങ്കിലും നട്ടിരിക്കണം. ഏകദേശം ഒരുമാസത്തിലേറെയായി ഈ ഉത്തരവ് ഇറങ്ങിയിട്ട്.

‘പഞ്ചാബികള്‍ എന്ന് പറഞ്ഞാൽ കാര്‍, ആയുധം, മൊബൈല്‍ എന്നിവയോടെല്ലാം ഭ്രമമുള്ളവരാണ്. അങ്ങിനെ തന്നെ ഭ്രമമുണ്ടവര്‍ക്ക് ചെടികളോടും…’ -ജില്ലാ പോലീസ് കമ്മീഷണര്‍ ചന്ദര്‍ ഗൈന്ദ് ബിബിസി -യോട് പറഞ്ഞു.
തോക്കിനുള്ള ലൈസന്‍സിനുള്ള അപേക്ഷയുടെ കൂടെ ചെടികള്‍ക്കൊപ്പമുള്ള സെല്‍ഫി കൂടി അപേക്ഷകര്‍ സമര്‍പ്പിക്കണമെന്നും ഗൈന്ദ് പറയുന്നു.

നമ്മുടെ രാജ്യത്ത് റോഡുകള്‍ വളരെ വേഗത്തില്‍ വര്‍ധിക്കുന്നു. അതോടൊപ്പം മരങ്ങള്‍ വളരെ കൂടിയ തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്യുന്നു. അതിനാൽ മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുള്ളവരുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഏകദേശം 360,000 പേര്‍ക്കാണ് ഇവിടെ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സുള്ളത്. തികച്ചും യാദൃച്ഛികമായി ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ തന്നെയാണ് ഈ പുതിയ ഓര്‍ഡര്‍ അധികൃതര്‍ പുറപ്പെടുവിച്ചത്.

തുടക്കത്തിൽ ആര്‍ക്കും ഇതേക്കുറിച്ചറിയില്ലായിരുന്നു. പിന്നീട് ഈ ഉത്തരവ് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ആളുകള്‍ ലൈസന്‍സിന് അപേക്ഷിക്കാനെത്തുമ്പോള്‍ ചെടിക്കൊപ്പമുള്ള സെല്‍ഫി കൂടി കൊണ്ടുവന്നു തുടങ്ങി. നിലവിൽ സെല്‍ഫിക്കൊപ്പമുള്ള 100 അപേക്ഷകളെങ്കിലും എത്തിക്കഴിഞ്ഞു.

ലൈസൻസ് ലഭിക്കാനായി ചെടിക്കൊപ്പം സെല്‍ഫിയെടുക്കുന്നതല്ലാതെ ആ ചെടിയുടെ പരിചരണം എത്രകണ്ട് മുന്നോട്ട് പോകുമെന്നത് ഉറപ്പുള്ള കാര്യമല്ല. ഇവിടെ പക്ഷെ പരിചരിക്കാതെ ചെടികളെ ഒഴിവാക്കുന്ന പരിപാടിയും ഇവിടെ നടക്കില്ല. അപേക്ഷ നൽകി ഒരുമാസം കഴിയുമ്പോള്‍ ഇതിന്‍റെ ഫോളോ അപ്പ് സെല്‍ഫികള്‍ കൂടി എത്തിക്കണം. നട്ടിട്ടുള്ള ചെടി വളരുന്നുണ്ടോ, അവയെ പരിചരിക്കുന്നുണ്ടോ എന്നൊക്കെ അറിയാനാണ് ഈ സെല്‍ഫി.