എന്തുകൊണ്ടാണ് കുല്‍ദീപ് സെന്‍ഗാറിനെപോലുള്ളവര്‍ക്ക് ഇവിടെ സംരക്ഷണം ലഭിക്കുന്നത്?; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി

single-img
30 July 2019

ഉന്നാവോ വാഹനാപകടവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവോ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയെ രാഷ്ട്രീയ സ്വാധീനവും ശക്തിയുമുപയോഗിച്ച് ബിജെപി സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘ഇരകള്‍ ഇവിടെ ജീവിക്കാനായി കഷ്ടപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് കുല്‍ദീപ് സെന്‍ഗാറിനെപോലുള്ളവര്‍ക്ക് ഇവിടെ സംരക്ഷണം ലഭിക്കുന്നത്? ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നുണ്ട്. വാഹനാപകടം കൃത്യമായി പ്ലാന്‍ ചെയ്ത ആക്രമണമാവാനുള്ള സാധ്യതയെക്കുറിച്ചും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി, ദൈവത്തെ ഓർത്തു ആ ക്രിമിനലിനും അയാളുടെ സഹോദരനും നിങ്ങളുടെ പാര്‍ട്ടി നല്‍കുന്ന സംരക്ഷണം പിന്‍വലിക്കൂ’. ഇനിയും വൈകിയിട്ടില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.ഇതിന്റെ പിന്നില്‍ ബിജെപി എംഎൽഎ കുൽദീപ് സെന്‍ഗാറിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.