പുരുഷ താരങ്ങളെ മറികടന്ന് ട്വന്റി20യില്‍ പുതിയ ചരിത്രമെഴുതി എലീസ പെറി

single-img
30 July 2019

ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ വനിതാ താരം എലിസ് പെറി. ടി20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് എലിസ് പെറി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ആഷസ് പരമ്പരയിലെ ടി20 മത്സരത്തിലാണ് പെറി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റും 39 പന്തില്‍ പുറത്താവാതെ 47 റണ്‍സും നേടിയ പെറിയുടെ ഓള്‍റൗണ്ട് മികവില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. ഈ മത്സരത്തിലാണ് ടി20 ക്രിക്കറ്റില്‍ പെറി 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ നവംബറില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു പെറിയുടെ 100 വിക്കറ്റ് നേട്ടം.

നിലവില്‍ ടി20യില്‍ 1498 റണ്‍സും 98 വിക്കറ്റും വീഴ്ത്തിയ ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടത്തിന് തൊട്ടടുത്തുള്ള മറ്റൊരു താരം. ഇപ്പോള്‍ ടി20 കളിക്കുന്ന താരങ്ങളില്‍ 1471 റണ്‍സും 88 വിക്കറ്റും നേടിയ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസനും ഈ നേട്ടത്തിന് തൊട്ടടുത്തുണ്ട്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 121റണ്‍സാണ് എടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി.