ഉന്നാവോ അപകടം; എംഎൽഎയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു എന്ന വിശദീകരണവുമായി ബിജെപി

single-img
30 July 2019

ഉന്നാവോ ലൈംഗികാക്രമണക്കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിനെ നേരത്തേ സസ്പെൻഡ് ചെയ്തതാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. പാർട്ടി എംഎൽഎയ്ക്ക് എതിരെ നേരത്തേ നടപടിയെടുത്തതാണെന്നും, ആ നടപടി ഇപ്പോഴും തുടരുന്നുവെന്നും സ്വതന്ത്ര ദേവ് സിംഗ് ലഖ്‍നൗവിൽ മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷെ നേരത്തേ എംഎൽഎയെ സസ്പെൻഡ് ചെയ്തത് സംബന്ധിച്ച് വാർത്താക്കുറിപ്പൊന്നും ബിജെപി ഇറക്കിയിരുന്നില്ല. പാർട്ടിയുടെ സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി വ്യക്തമാക്കുന്നത്, എംഎൽഎയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തുവെന്നാണ്. ഇത് അക്ഷരാർതഥത്തിൽ മുഖം രക്ഷിക്കാൻ ബിജെപി പയറ്റുന്ന തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ അമ്മായിയുടെ അവസാന ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിലിലുള്ള അമ്മാവന് അലഹബാദ് ഹൈക്കോടതി ഒരു ദിവസത്തേക്ക് പരോൾ അനുവദിച്ചു.

പെൺകുട്ടി അമ്മായിക്ക് ഒപ്പം റായ്‍ബറേലിയിലെ ജയിലിൽ ഉള്ള അമ്മാവനെ കണ്ട് മടങ്ങി വരവെയാണ് സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് വന്നിടിച്ചത്. യുപിയിലെ ഉപമുഖ്യമന്ത്രി ദിനേശ് ശർമ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി. അപകട കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് ദിനേശ് ശർമ ഉറപ്പ് നൽകി.