അമ്പൂരി കൊലപാതകം; കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പ്രതി അഖില്‍; വീട്ടില്‍ നിന്നും വിഷം കണ്ടെത്തി

single-img
30 July 2019

അമ്പൂരി കൊലക്കേസില്‍ പ്രതി അഖിലിന്റെ വീട്ടില്‍ നിന്നും വിഷം കണ്ടെത്തി. പൊലീസ് പരിശോധനയിലാണ് ഒരു കുപ്പി ഫുരിഡാന്‍ കണ്ടെത്തിയത്. കുടുംബം ആത്മഹത്യക്ക് തീരുമാനിച്ചിരുന്നതായി അഖില്‍ പൊലീസിനോട് വ്യക്തമാക്കി. അതേസമയം, അഖിലിന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതകം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോരനുമായ രാഹുല്‍ വീട്ടില്‍ അസ്വസ്ഥനായിരുന്നു. ഇതേ തുടര്‍ന്ന് ജൂലൈ 20ന് അഖിലിനെ വീട്ടുകാര്‍ നാട്ടിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി വിഷം വാങ്ങിവെച്ചു.

പിന്നീട് തീരുമാനം മാറ്റി ക്യാംപിലേക്ക് മടങ്ങിപ്പോകുകയായിരുന്നുവെന്നും അഖില്‍ വ്യക്തമാക്കി. പോകുന്നതിന് മുന്‍പ് അഖില്‍ വീട്ടുകാരോട് എല്ലാം വെളിപ്പെടുത്തിയെന്നാണ് സൂചന. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് ചില നിര്‍ണായക വിവരങ്ങളും പുറത്തുവന്നു.

കൊല്ലപ്പെട്ട രാഖിയുടെ മൃതദേഹം കടത്താന്‍ പ്രതികള്‍ ശ്രമിച്ചതായുള്ള വിവരമാണ് പുറത്തുവന്നത്. മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടി താഴ്ത്താന്‍ ആയിരുന്നു നീക്കമെന്നും വിവരമുണ്ട്. മൃതദേഹവുമായി ഉള്ള യാത്ര അപകടം ആകുമെന്ന് തോന്നിയതോടെ വീട്ടില്‍ കുഴിച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

അഖിലിന്റെ മൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. രാഖിയുടെ മൃതദേഹം കുഴിയില്‍നിന്ന് മാറ്റാനാണോ അഖില്‍ നാട്ടിലെത്തിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്തിയ കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. കൊലപാതകവുമായി മാതാപിതാക്കളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നു പൂവാര്‍ സിഐ രാജീവ് പറഞ്ഞു.

എറണാകുളത്തുള്ള അമ്പലത്തില്‍വച്ച് ഫെബ്രുവരി പതിനഞ്ചിനാണ് അഖിലും രാഖിയും വിവാഹിതരായത്. അഖിലിന് വേറെ വിവാഹം നിശ്ചയിച്ചതോടെ രാഖിയുമായി അകന്നു. ഇതിനെച്ചൊല്ലി വഴക്കുണ്ടായി. ഒരു കാരണവശാലും ബന്ധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് രാഖി പറഞ്ഞതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.