മരട് നഗരസഭാ ഓഫീസിന് മുന്നില്‍ സമരം ചെയ്ത് നടന്‍ സൗബിന്‍ ഷാഹിറും മേജര്‍ രവിയും

single-img
30 July 2019

മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്‌ളാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന മെയ് എട്ടിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.ബാബു, നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

നാനൂറോളം കുടുംബങ്ങള്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് മരട് ഭവന സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, സി.എം. വര്‍ഗീസ്, ജോര്‍ജ് കോവൂര്‍, ബിയോജ് ചേന്നാട്ട് എന്നിവര്‍ പറഞ്ഞു. 2011ലെ സിആര്‍സെഡ് വിജ്ഞാപന പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് 2019 ഫെബ്രുവരി 28നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച തീരമേഖലാ കൈകാര്യ പദ്ധതിയില്‍ മരട് ഉള്‍പ്പെടുന്ന പ്രദേശത്തെ സിആര്‍സെഡ് രണ്ടിലാണ് പെടുത്തിയത്.

എന്നാല്‍, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം മറച്ചുവച്ച് 1996ലെ അവ്യക്തതയുള്ള പദ്ധതി ആധാരമാക്കി പ്രദേശം സിആര്‍സെഡ് മൂന്നിലാണെന്നു കാട്ടി കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. സുപ്രീംകോടതി വിധി സംസ്ഥാനത്താകെ നടപ്പായാല്‍ തീരദേശ മേഖലയിലെ പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും മരടു പ്രദേശത്ത് 2019 ഫെബ്രുവരിക്കു മുന്‍പു നിര്‍മിച്ച രണ്ടായിരത്തിലേറെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ വഴിയൊരുങ്ങുകയും ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.

ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുന്‍സിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഫ്‌ളാറ്റ് ഉടമകള്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കട്ടെയെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.