കര്‍ണാടകക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപിയുടെ കുതിരകച്ചവടം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയിൽ ചേരുന്നു

single-img
30 July 2019

കർണാടകയിൽ ഭരണം പിടിച്ചതിന് പിന്നാലെ അതേ കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്രയിലും പ്രതിപക്ഷ എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കുന്നു. സംസ്ഥാനത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്ന് എന്‍സിപി എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയും ഉൾപ്പെടെ നാല് പ്രതിപക്ഷ എംഎല്‍എമാരാണ് ചൊവ്വാഴ്ച എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇവർ അടുത്ത ദിവസം തന്നെ ബിജെപിയിൽ ചേരുമെന്നാണ് വിവരം.

എന്‍സിപിയുടെ എംഎല്‍എമാരായ വൈഭവ് പിച്ചാഡ്, ശിവേന്ദ്ര രാജെ ഭോസ്ലെ, സന്ദീപ് നായിക്, കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലംബ്കര്‍ എന്നിവരാണ് രാജി നൽകിക്കൊണ്ട് ബിജെപിയില്‍ ചേരുന്നത്. നിലവിൽ എന്‍സിപി എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്തുതന്നെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും.

എന്‍സിപിയുടെ മുംബൈ പ്രസിഡന്റായിരുന്ന സച്ചിന്‍ അഹിര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എംഎല്‍എമാരുടെ കൂടുമാറ്റം. മഹാരാഷ്ട്രയിൽ തുടര്‍ച്ചയായി ഏഴുതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വഡാല മണ്ഡലത്തില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടയാണ് കാളിദാസ് കോലംബ്കര്‍.
ഇദ്ദേഹംകഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു.

രാജിവെച്ച എംഎല്‍എമാരോടൊപ്പം നവി മുംബൈ കോര്‍പ്പറേഷനിലെ 52 എന്‍സിപി കൗണ്‍സിലര്‍മാരും അഞ്ച് സ്വതന്ത്രരും ബിജെപിയില്‍ ചേര്‍ന്നു. അതോടുകൂടി കോര്‍പറേഷനിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും 50 എംഎല്‍എമാരെങ്കിലും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.