ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ സുരക്ഷ: രാജ്യസഭയിൽ എളമരം കരീമിന്റെ അടിയന്തിരപ്രമേയം

single-img
29 July 2019

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയ്ക്ക് സുരക്ഷനൽകുന്നതിലുണ്ടായ വീഴ്ച സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സിപിഐ എം അംഗം എളമരം കരീമിന്റെ അടിയന്തിരപ്രമേയം. ഉന്നാവോയിൽ ബിജെപി എംപി ബലാത്സംഗം ചെയ്തുവെന്ന് പരാതിനൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് അപകടമുണ്ടായ സാഹചര്യത്തിലാണ് എളമരം കരീം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

പരാതിക്കാരിയായ പെൺകുട്ടിയ്ക്ക് സംരക്ഷണം നൽകുന്നതിൽ ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ പരാജയപെട്ടുവെന്നും കേസന്വേഷണം പക്ഷപാതപരമാണെന്നും നോട്ടീസിൽ എളമരം കരീം എംപി ആരോപിച്ചു. ഇത്തരത്തിൽ യുപി പൊലീസിനെതിരെയും സർക്കാരിനെതിരെയും ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേസ് ഏതെങ്കിലും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനായി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയും വക്കീലും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ചത്.  അപകടത്തില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെങ്കിലും രണ്ട് ബന്ധുക്കളും മരിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍. തന്നെയാണ് മകള്‍ സഞ്ചരിച്ച വാഹനം അപകടപ്പെടുത്താന്‍ ശ്രമിച്ചതൈന്ന ആരോപണവുമായി ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എല്‍എല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.