കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍; അന്വേഷണത്തിന് പാര്‍ട്ടി പ്രത്യേക കമ്മീഷനെ വെക്കും

single-img
29 July 2019

സിപിഐ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവം പാർട്ടി അന്വേഷിക്കും. ഇതിനായി പാര്‍ട്ടി പ്രത്യേക കമ്മീഷനെ വെയ്ക്കും. സിപിഐയുടെ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള കാന്‍സര്‍ നീക്കണമെന്നും സംഭവത്തില്‍ കര്‍ശനമായി നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

‘കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്ന് എഴുതിയ പോസ്റ്റർ ആലപ്പുഴയിലെ പാര്‍ട്ടി ഓഫീസിന്റെ ചുമരിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നില്‍ തിരുത്തല്‍വാദികള്‍ സിപിഐ അമ്പലപ്പുഴ എന്നപേരിലായിരുന്നു പോസ്റ്റര്‍.

പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അഭിവാദ്യമര്‍പ്പിച്ചിരുന്നു.

എന്നാൽ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പോസ്റ്റര്‍ ഒട്ടിച്ചതിന് രണ്ട് എഐവൈഎഫ് നേതാക്കളെ പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പോലീസ് പിടികൂടിയത്.