രോഹിത് ശര്‍മയുമായി ഭിന്നത; അഭ്യൂഹങ്ങള്‍ അസംബന്ധവും അമ്പരപ്പിക്കുന്നതും: വിരാട് കോലി

single-img
29 July 2019

ഇന്ത്യന്‍ ടീമില്‍ ഭിന്നതയെന്ന അഭ്യൂഹങ്ങള്‍ തള്ളി ക്യാപ്റ്റന്‍ വിരാട് കോലി. ഇപ്പോള്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ അസംബന്ധവും അമ്പരപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്നതിനു മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോലി ആദ്യമായി ടീമിലെ ഭിന്നതയെക്കുറിച്ച് സംസാരിച്ചത്.

‘രാജ്യത്തെ ജനങ്ങള്‍ നമ്മള്‍ എത്ര നന്നായി കളിച്ചുവെന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇവിടെ നുണകളും നെഗറ്റീവായ കാര്യങ്ങളുമാണു സംസാരിക്കുന്നത്.’- കോലി പറഞ്ഞു.ഹിറ്റ്‌ മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മയുമായി തനിക്കു ഭിന്നതയുണ്ടെന്ന അഭ്യൂഹവും അദ്ദേഹം തള്ളി. ടീമില്‍ അത്തരത്തിലൊരു അന്തരീക്ഷമുണ്ടെങ്കില്‍ ടീം ഇത്രയും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കില്ല.

ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തു നിന്നാണ് ടീം ഇപ്പോള്‍ ഒന്നിലെത്തിയത്. ടീമിലെ കളിക്കാര്‍ക്കിടയില്‍ വിശ്വാസവും സൗഹൃദവും പരസ്പരധാരണയും ഇല്ലെങ്കില്‍ ഇതു സാധിക്കില്ലായിരുന്നെന്നും കോലി പറഞ്ഞു.
‘ഏവര്‍ക്കും കളിയില്‍ നിന്നു ശ്രദ്ധ മാറിക്കഴിഞ്ഞു. ആളുകള്‍ ഡ്രസ്സിങ് റൂമിനെക്കുറിച്ച് നുണകളുണ്ടാക്കുന്നു, ഭാവനാസൃഷ്ടികള്‍ ഉണ്ടാക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.’- അദ്ദേഹം പറഞ്ഞു.