സര്‍ക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

single-img
29 July 2019

സര്‍വീസില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ജേക്കബ് തോമസ് ഐ.പി.എസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശം. കാരണം പറയാതെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഇത്രകാലം എങ്ങനെയാണ് സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന ചോദ്യമാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പ്രധാനമായും ഉന്നയിച്ചത്.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമായ നടപടിയാണെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും അതിന്റെ ഭാഗമായാണ് സര്‍വ്വീസില്‍ നിന്ന് അകാരണമായി മാറ്റി നിര്‍ത്തപ്പെട്ടതെന്നും ഇതെല്ലാം ന്യായാധിപന്‍മാര്‍ കാണുന്നുണ്ടെന്നുമായിരുന്നു വിധിയോട് ജേക്കബ് തോമസിന്റെ പ്രതികരണം.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ അംഗീകരിച്ചു.