നിരത്തുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങൾ പിൻവലിക്കൽ; സമയപരിധി തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി

single-img
29 July 2019

ഇന്ത്യയിൽ 2023 – 2025 ആകുന്നതോടെ നിരത്തുകളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര, മുചക്ര വാഹനങ്ങള്‍ പിന്‍വിലക്കണമെന്ന നീതി ആയോഗിന്‍റെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെയും നിർദ്ദേശം ആശങ്ക ഉണർത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വാഹന നിര്‍മാണ മേഖല ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്.

നീതി ആയോഗ് നൽകിയ നിർദ്ദേശം കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും എന്നാല്‍, ഇത്തരമൊരു നീക്കത്തിന് കേന്ദ്രം ഇതുവരെ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

‘ഇത്തരത്തിൽ ഒരു കാര്യം നടപ്പാക്കുന്നതിന് ഒരുപാട് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്, ഇതിന് ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല. നീതി ആയോഗ് ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിവരുകയാണ്’. ധനമന്ത്രി പറഞ്ഞു.

ഇനി വരുന്ന മൂന്ന് വര്‍ഷം കൊണ്ട് മലിനീകരണ നിയന്ത്രണ ചട്ടപ്രകാരം വാഹനങ്ങള്‍ ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് നടപ്പാക്കാന്‍ വന്‍ നിക്ഷേപം വേണമെന്നാണ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്. അതോടൊപ്പം 2023 ഓടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറിയാല്‍ നഷ്ടം വര്‍ധിക്കുമെന്നാണ് ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളുടെ ആശങ്ക.