മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ല; ചോദ്യവുമായി ഹൈക്കോടതി

single-img
29 July 2019

നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. ഏഴു വർഷം മുൻപ് വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. മാത്രമല്ല കേസിൽ പുതുതായി ആരെയും കക്ഷി ചേരാൻ കോടതി അനുവദിച്ചില്ല.

നിലവിൽ കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി കേസിന്‍റെ റിപ്പോർട്ട് വിളിപ്പിച്ചു. അടുത്ത മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. 2012 ജൂണിലായിരുന്നു ആനക്കൊമ്പ് കേസിന്‍റെ തുടക്കം. മോഹന്‍ലാലിന്റെ ഉടമസ്ഥതയിൽ കൊച്ചിയിലെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

ഇവ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്‍റെ വിശദീകരണം. കണ്ടെടുത്ത ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു.

നിയമ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാല്‍ പിന്നീട് ഈ കേസ് റദ്ദാക്കി.

ഫോറസ്റ്റ് വകുപ്പ് കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നല്‍കി. യുഡിഎഫ് മന്ത്രിസഭയിലെ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.കേസിൽ ചലച്ചിത്രതാരം മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.