കയ്യൊടിഞ്ഞു എന്ന് പറഞ്ഞിട്ടില്ല; ഫ്രാക്ചര്‍ തെളിയിക്കുന്ന രേഖകളുമായി എല്‍ദോ എബ്രാഹാം എംഎല്‍എ

single-img
29 July 2019

കൊച്ചിയില്‍ സമരത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനിടെ തനിക്കുണ്ടായ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ എല്‍ദോ എബ്രഹാം എംഎല്‍എ എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറി. കളക്ടറേറ്റിലെത്തിയാണ് ജില്ലാ കളക്ടര്‍ എസ് സുഹാസിന് രേഖകള്‍ കൈമാറിയത്. ലാത്തിചാര്‍ജില്‍ തന്റെ കൈയ്ക്ക് പരിക്കേറ്റിട്ടില്ലെന്ന് വ്യാപകമായ പ്രചാരണമുണ്ട്. ഈ വ്യാജപ്രചാരണത്തിനെതിരായാണ് രേഖകള്‍ നല്‍കുന്നതെന്നും എല്‍ദോ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കയ്യൊടിഞ്ഞു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. കയ്യില്‍ ഫ്രാക്ചര്‍ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പരിക്കിനെ തുടര്‍ന്ന് മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ സി ടി സ്‌കാന്‍ നടത്തി. അതില്‍ ഫ്രാക്ചര്‍ ഉണ്ടെന്നാണ് പറയുന്നത്. ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇടത് കൈമുട്ടിന് ഫ്രാക്ചര്‍ ഉണ്ടെന്ന് പറഞ്ഞെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞത് മാത്രമാണ് താനും പറഞ്ഞതെന്നും എല്‍ദോ എബ്രഹാം വ്യക്തമാക്കി.

മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്ക് പരുക്കുകള്‍ ഒന്നും ഇല്ല എന്ന തരത്തില്‍ പ്രചരണം വന്നു. എന്നാല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇടത് കൈമുട്ടിന് ഫ്രാക്ച്വര്‍ ഉണ്ടെന്ന് പറഞ്ഞു. അത് ഡോക്ടര്‍ അനുഭവ സമ്പത്ത് കൊണ്ട് ആണ് കണ്ടെത്തിയത്. ഈ വിവരമാണ് താന്‍ സുഹൃത്തുക്കളോടും മാധ്യമങ്ങളോടും പറഞ്ഞത്- എംഎല്‍എ പറഞ്ഞു.