നഷ്ടപ്പെട്ടു എന്ന് കരുതിയ കരുത്ത് പല്ലവി തിരികെ നൽകി: പാർവതി

single-img
28 July 2019

ഉയരെ സിനിമയുടെ ശനിയാഴ്ച കൊച്ചിയിൽ 100 ദിന ആഘോഷത്തിൽ ആ കഥാപാത്രങ്ങളുടെ നിറവിലായിരുന്നു ഉയരെ ടീം. നിറഞ്ഞുനിന്ന അഭിനന്ദനങ്ങളുടെയും ആശംസകളുടെയും മഴയില്‍ നനഞ്ഞ് പല്ലവി രവീന്ദ്രനായ പാര്‍വതി തിരുവോത്തും ഗോവിന്ദ് ബാലകൃഷ്ണനായ ആസിഫ് അലിയും കൈകൂപ്പിനിന്നു.
എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കഥയും കഥാപാത്രങ്ങളുമായി ‘ഉയരെ’ എന്ന സിനിമ ‘എസ് ക്യൂബ്’ എന്ന ബാനറില്‍ തന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ക്ക് നിര്‍മിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പിവി ഗംഗാധരന്‍ പറഞ്ഞു.

പല്ലവി എന്നത് തനിക്ക് കൃത്യസമയത്ത് വന്നുചേര്‍ന്ന കഥാപാത്രമാണെന്ന് പാര്‍വതി പറഞ്ഞു. നഷ്ടപ്പെട്ടു എന്ന്കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടുകിട്ടിയെന്നും പാര്‍വതി പറഞ്ഞു. അതേസമയം ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് ധൈര്യം സമ്മാനിച്ച ചിത്രമായിരുന്നു ‘ഉയരെ’ എന്ന് ആസിഫ് അലി പറഞ്ഞു.

ഏതൊരു പെണ്‍മക്കളുടെ ആഗ്രഹങ്ങള്‍ക്കും വീഴ്ചകള്‍ക്കുമൊപ്പം നില്‍ക്കുന്നവരാകണം അച്ഛനെന്ന സന്ദേശം ജീവിതത്തിലേക്ക് ആഴത്തില്‍ തന്നതാണ് ഈ ചിത്രമെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു. സിനിമയുടെ സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി, നാസര്‍ ലത്തീഫ്, സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.