മഹാരാഷ്ട്രയിൽ എൻസിപിയ്ക്ക് തിരിച്ചടി; ഒരു എംഎൽഎകൂടി ബിജെപിയിലേക്ക്

single-img
28 July 2019

എൻസിപിയ്ക്ക് മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി. മഹാരാഷ്ത്രയിലെ അകോലെ എംഎല്‍എയും മുന്‍ മന്ത്രിയായിരുന്ന മധുകര്‍ പിച്ചാഡിന്റെ മകനുമായ വൈഭവ് പിച്ചാഡാണ് താൻ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി അഹ്മദ്‌നഗറില്‍ തന്നെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെന്നും ഭൂരിപക്ഷം പേരും താന്‍ ബിജെപിയില്‍ ചേരണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും വൈഭവ് പിച്ചാഡ് പറഞ്ഞു.

താൻ പ്രതിനിധീകരിക്കുന്ന തന്റെ മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എല്ലാവിധ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വളരെ വേഗം തന്നെ ബിജെപിയില്‍ ചേരുമെന്നും വൈഭവ് പിച്ചാഡ് പറഞ്ഞു.

മഹാരാഷ്ട്രയിൽ ഏതാനുംദിവസങ്ങൾക്ക് മുൻപ് എന്‍സിപി മുംബൈ ഘടകം തലവന്‍ സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. അതിനടുത്ത ദിവസം എന്‍സിപി വനിതാ വിങ് നേതാവ് ചിത്രാ വാഗും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇവരും ബിജെപിയിൽ ചേര്‍ന്നേക്കുമെന്നാണ് സൂചന.