മൂന്നാര്‍ പാതകളിൽ മണ്ണിടിച്ചിൽ; സ്ഥലം സന്ദർശിച്ച് സബ് കളക്ടർ രേണുരാജ്

single-img
28 July 2019

മറ്റു ജില്ലകളിൽ നിന്നും മൂന്നാറിലേക്കുള്ള പ്രധാന പാതകളിൽ മണ്ണിടിച്ചിൽ രൂക്ഷം. പ്രധാന പാതയായ മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ ഇന്നലെ രാത്രിയോടെ വൻ മലയിടിച്ചിലുണ്ടായി. ദേശീയ പാത 85-ൽ ഉൾപ്പെടുന്ന കൊച്ചി – ധനുഷ്‌കോടി റോഡിൽ നിർമാണം നടക്കുന്ന മേഖലയിലാണ് ശനിയാഴ്ച അർദ്ധ രാത്രിയോടെ വൻ തോതിൽ വലിയ കല്ലും മണ്ണും ഇടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടത്. മണ്ണിടിച്ചിൽ രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി.

ഏകദേശം 380 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ദേശീയ പാതയുടെ ഭാഗമായ മൂന്നാർ മുതൽ ബോഡിമേട്ട് വരെ നടന്നു വരുന്നത്. ഇനി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരു മാസത്തിലധികം എടുക്കുമെന്നാണ് കരുതുന്നത്. ഇവിടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.

ഇതിന്റെ ഭാഗമായി ദേവികുളം സബ് കളക്ടർ രേണു രാജ് സ്ഥലം സന്ദർശിച്ചു. റോഡ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുകയും ചെയ്തു. ശക്തമായ മഴയിൽ ദേവികുളം റോഡിലും മൂന്നാർ ഹെഡ് വര്‍ക്‌സ് ഡാമിന് സമീപവും കഴിഞ്ഞയാഴ്ചയും മണ്ണിടിഞ്ഞിരുന്നു.

അധികം വൈകാതെ മണ്ണ് നീക്കിയെങ്കിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ഈ ഭാഗത്തെല്ലാം വ്യാപകമായ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷയൊരുക്കാൻ അധിക്യതർ തയ്യാറാകാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മൂന്നാർ ടൗണിലെ പഴയമൂന്നാര്‍ മുതലുള്ള റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞുകിടക്കുകയാണ്. റോഡുകളുടെ അവസ്ഥ മോശമായതിനാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള സാഹചര്യത്തിൽ മഴയൊഴിഞ്ഞാൽ അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടുന്നതിനൊപ്പം റോഡുകൾ സഞ്ചാരയോഗ്യമാക്കുക കൂടി ചെയ്യണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം.