ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ല; അടൂരിനെ നേരില്‍ സന്ദര്‍ശിച്ച് പിന്തുണയുമായി മുഖ്യമന്ത്രി

single-img
27 July 2019

മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന് സംഘപരിവാറില്‍ നിന്നും വിമര്‍ശനം നേരിടുന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ നേരില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഛിദ്രശക്തികൾ നടത്തുന്ന യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല.

അതിനെ എല്ലായ്പ്പോഴും മതനിരപേക്ഷ ശക്തികള്‍ എതിര്‍ക്കും. അങ്ങിനെയുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്റെ പൂർണമായ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള അടൂരിന്റെ കൂടിക്കാഴ്ച പത്തുമിനിട്ടോളം നീണ്ടു. തനിക്ക് ഭയമില്ലെന്ന് പറഞ്ഞ അടൂര്‍ ആരെയും പേടിച്ചു ജീവിക്കാനാവില്ലെന്നും പറഞ്ഞു.

രാജ്യത്ത് ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂര്‍ ഉള്‍പ്പെടെ 49 ഓളം പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നത്.