രാഖിയും അഖിലും വിവാഹിതർ; അമ്പൂരി വധക്കേസിൽ നിർണായക വഴിത്തിരിവ്

single-img
27 July 2019

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്. ഈ വര്‍ഷം ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് പൊലീസ് പറയുന്നത്.

ഭര്‍ത്താവായ അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. അഖിലിന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രാഖി വിവാഹം മുടക്കാന്‍ നോക്കിയത് ഇവരുടെ ബന്ധം കൂടുതല്‍ വഷളാക്കിയെന്നും പൊലീസ് പറയുന്നു. കേസിലെ മൂന്നാം പ്രതിയായ ആദര്‍ശിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പ്രണയബന്ധത്തിൽ നിന്ന് പിൻമാറാഞ്ഞതാണ് സുഹുത്ത് അഖിലിന്റെ നേതൃത്വത്തിൽ രാഖിയെ കൊല്ലാൻ കാരണമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിൽ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണ് റിമാൻഡ് റിപ്പോർട്ടിൽ. ഫെബ്രുവരി 15ന് കൊച്ചിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തിയ ഇരുവരും ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞ് വരികയായിരുന്നു.

ഇതിനിടെ മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചപ്പോൾ രാഖി തടഞ്ഞതാണ് കൊലയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകരയിൽ നിന്ന് അഖിലിന്റെ കാറിൽ അമ്പൂരിയിലെക്ക് പോയ രാഖിയെ ആദ്യം രാഹുലും പിന്നീട് അഖിലും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് കണ്ടെത്തൽ. 

ഇത് ശരിവയ്ക്കുന്ന തരത്തിൽ കൊല്ലപ്പെട്ട ദിവസം രാഖി നെയ്യാറ്റിൻകരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വൈകിട് ആറേമുക്കാലോടെ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തൂടെ നടക്കുന്നതാണ് ദ്യശ്യത്തിൽ . അതേ സമയം രണ്ടാം പ്രതി രാഹൂൽ പിടിയിലായതായി സൂചനയുണ്ട്.

കീഴടങ്ങിയെന്ന് പിതാവ് മണിയൻ അവകാശപ്പെട്ടെങ്കിലും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമന്ന് ആരോപിച്ച് പൊലീസ് നിഷേധിച്ചു. ഡൽഹിയിലോ ലഡാക്കിലൊ സൈന്യത്തിനൊപ്പമെന്ന് കരുതുന്ന മുഖ്യ പ്രതി അഖിലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് പുറപ്പെട്ടു. ജൂൺ 21 ന് കാണാതായ രാഖിയുടെ മൃതദേഹം കഴിഞ്ഞ ദിവസം അഖിലിന്റെ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.