ഇലക്ട്രിക് വാഹനങ്ങളുടെ വില കുത്തനെ കുറയും

single-img
27 July 2019

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18ല്‍നിന്നും അഞ്ച് ശതമാനമാക്കിയും കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നികുതി കുറച്ചത്. നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തെ കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍ത്തില്ല. തദ്ദേശ ഭരണകൂടങ്ങള്‍ ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ല.

പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും. ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ബജറ്റില്‍ ആദായ നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വായ്പ എടുക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയുടെ ആദായനികുതി ഇളവാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ.