ഡോവല്‍ മടങ്ങിയതിന് പിന്നാലെ കശ്മീരില്‍ 10,000 അര്‍ധ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

single-img
27 July 2019

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജമ്മുകശ്മീരില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ 10,000 അര്‍ധ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായാണ് നടപടി.

സൈനികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമാനത്തില്‍ ജമ്മു കശ്മീരിലെത്തിക്കുമെന്നാണു റിപ്പോര്‍ട്ട്. അടുത്തിടെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്കു സുരക്ഷ ഒരുക്കുന്നതിനായി 40,000 അര്‍ധസൈനികരെ കൂടുതലായി നിയോഗിച്ചിരുന്നു.

രാഷ്ട്രപതി ഭരണം തുടരുന്ന കശ്മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നു. വടക്കന്‍ കശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജമ്മു ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു.

ഫെബ്രുവരിയിലും 10,000 അര്‍ധസൈനികരെ കശ്മീരില്‍ നിയോഗിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയാണിതെന്നാണു കേന്ദ്രം അറിയിച്ചിരുന്നത്. ജമാത്ത് ഇസ്‌ലാമി നിരോധിച്ച് അതിന്റെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുത്തതിനു പിന്നാലെയായിരുന്നു ഇത്. കൂടുതല്‍ സേനയെ എത്തിക്കുന്നതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നുള്ള ആരോപണം വെറും ഊഹാപോഹം മാത്രമാണെന്നും ഡിജിപി പറഞ്ഞു.