കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെന്ന് തെറ്റിദ്ധാരണ; കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു

single-img
27 July 2019

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ നവല്‍സിംഗ് ഗ്രാമത്തന് സമീപത്താണ് സംഭവം. അടുത്തിടെ ഗ്രാമത്തില്‍ നിന്ന് കുട്ടികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ആദ്യം മരങ്ങക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് പ്രധാന റോഡ് തടസ്സപ്പെടുത്തി.

ഈ റോഡില്‍ കൂടി രാത്രിയില്‍ പോകുകയായിരുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡ്‌ തടസപ്പെടുത്തിയത് ഏതെങ്കിലും കള്ളന്‍മാരുടെ പണിയായിരിക്കുമെന്നും ഇവരും കരുതി. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന ഗ്രാമവാസികള്‍ നേതാക്കളെ ചുറ്റും വളയുകയും മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ ഇവര്‍ സഞ്ചരിച്ച വാഹനവും അടിച്ചുതകര്‍ത്തുവെന്ന് പോലീസ് വ്യക്തമാക്കി.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു, അടുത്തകാലത്തായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന സംഭവം ഈ പ്രദേശത്ത് തുടര്‍ച്ചയാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ ധര്‍മേന്ദ്ര ശുക്ല, ധര്‍മു സിംഗ് ലഞ്ചിവാര്‍, ലളിത് ബരസ്കര്‍ എന്നിവരെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.