ട്രാക്കിൽ വെള്ളം കയറി കുടുങ്ങി; മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും രക്ഷപെടുത്തി

single-img
27 July 2019

കനത്ത മഴയെ തുടര്‍ന്ന്‍ മഹാരാഷ്ട്രയിലെ ബാദൽപൂരിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവൻ യാത്രക്കാരെയും വിജയകരമായി രക്ഷപ്പെടുത്തി. രക്ഷപെടുത്തിയ യാത്രക്കാരെ പ്രത്യേക ട്രെയിനിൽ കോലാപൂരിൽ എത്തിക്കും.

ട്രെയിനില്‍ ഉണ്ടായിരുന്ന എഴുനൂറ് യാത്രക്കാരെയും തിരികെയെത്തിക്കാൻ പത്തൊമ്പത് കോച്ചുകളുമായുള്ള പ്രത്യേക ട്രെയിൻ കല്ല്യാണിൽ നിന്നും പുറപ്പെടും. കഴിഞ്ഞ ദിവസം കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയത്.

രക്ഷാ ദൗത്യത്തിൽ പങ്കാളികളായ ദേശീയ ദുരന്ത നിവാരണസേനയുടെയും സൈന്യത്തിന്‍റെയും അംഗങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. അതേസമയം,മഹാരാഷ്ട്രയില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കൊങ്കൺ മേഖലയിൽ ജൂലൈ അവസാനം വരെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.