നൂറുൾ ഇസ്ലാം കോളജ് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പോപ്പുലർ ഫ്രന്റുകാരുടെ ഭീഷണി: ലൈവ് വീഡിയോ പിൻവലിച്ചാൽ ലക്ഷങ്ങൾ നൽകാമെന്നും വാഗ്ദാനം

single-img
26 July 2019

കന്യാകുമാരി: തമിഴ്നാട്ടിലെ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ അഡ്മിഷൻ തട്ടിപ്പ് ചോദ്യം ചെയ്ത മലയാളി വിദ്യാർത്ഥികൾക്ക് പോപ്പുലർ ഫ്രന്റ് പ്രവർത്തകരുടെ ഭീഷണി. അംഗീകരമില്ലാത്ത കോഴ്സിലേയ്ക്ക് അഡ്മിഷൻ നടത്തിയതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥികളിലൊരാളെ പോപ്പുലർ ഫ്രന്റ് പ്രവർത്തകർ കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു.

അവസാനവർഷ വിദ്യാർത്ഥിയായ ശരത്തിനെ ഭീഷണിപ്പെടുത്തിയ സംഘം മാനേജ്മെന്റിനെതിരായി വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന എഡ്വികോൺ എന്ന സ്ഥാപനത്തിന്റെ പേരിൽ ആണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതും നൂറുൽ ഇസ്ലാം മാനേമെന്റിന്റെ സഹോദര സ്ഥാപനമാണ്.

കന്യാകുമാരി ജില്ലയിലെ തക്കലയിൽ പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം ഡീംഡ് സർവ്വകലാശാലയിലെ ബയോമെഡിക്കൽ ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ നടത്തുന്ന അലീഡ് ഹെൽത്ത് കോഴ്സ് ആണെന്ന് പറഞ്ഞ് വൻ തുക ഡോണേഷൻ വാങ്ങിയ ശേഷം തങ്ങളെ തമിഴ്നാട്ടിലെ കോളജിലാണ് പഠിപ്പിച്ചതെന്നും കോഴ്സ് തീരാറായപ്പോഴാണ് ഇതുവെറും ടെക്നിക്കൽ കോഴ്സാണെന്ന് മനസിലായതെന്നുമായിരുന്നു വിദ്യാർത്ഥികൾ ആരോപിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിവിധ വിദ്യാർത്ഥികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

noushad nims vishayathil compromise cheyyanamennum paranj bheeshanipeduthi..ee live ipo thanne varan karanam nale ravile njangalkk collegil povan pattumenno veetil poaan pattumenno urapilla..ithil ella sahodarangalum njangale support cheeyanam..

Posted by Najeeb Nazar on Thursday, July 25, 2019

ഇതേത്തുടർന്ന് ചൊവ്വാഴ്ച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മാനേജ്മെന്റ് ചർച്ചയ്ക്ക് വിളിക്കുകയും 20ൻ ദിവസത്തിനുള്ളിൽ കോഴ്സുകൾക്ക് യുജിസി അംഗീകാരം ഉറപ്പാക്കാമെന്നും അവസാന വർഷ വിദ്യാർത്ഥികൾക്ക് നിംസ് ആശുപത്രിയിൽ പരിശീലനം നൽകാമെന്നും ഉറപ്പുനൽകിയിരുന്നു.

എന്നാൽ ഈ സംഭവങ്ങൾ സ്ഥാപനത്തിലേയ്ക്കുള്ള പുതിയ അഡ്മിഷനുകളെ ബാധിക്കുന്നു എന്നാരോപിച്ചാണ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോകൾ കാരണം ഈ കോഴ്സുകളിലേയ്ക്ക് വന്ന 80-ലധികം അഡ്മിഷനുകൾ ക്യാൻസൽ ആയെന്നും അതിനാൽ ലൈവ് വീഡിയോകൾ ഉടൻ പിൻവലിക്കണമെന്നുമായിരുന്നു നിംസ് മാനേജ്മെന്റ് തന്നെ നടത്തുന്ന അഡ്മിഷൻ ഏജന്റ് സ്ഥാപനമായ എഡ്വികോണിന്റെ പ്രതിനിധികൾ എന്ന് സ്വയം പരിചയപ്പെടുത്തിയവർ വിദ്യാർത്ഥികളോട് പറഞ്ഞത്.

അഡ്മിഷനിൽ നിന്നും പിന്മാറിയ 80 വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും ലൈവ് വീഡിയോ ഇട്ട വിദ്യാർത്ഥികൾ തന്നെ വിളിച്ച് “ ഇവിടെ കുഴപ്പമൊന്നുമില്ല” എന്ന് പറയണമെന്നും ആവശ്യപ്പെട്ട സംഘം അങ്ങനെ തിരിച്ചു വരുന്ന അഡ്മിഷനുകളിൽ ആളൊന്നിന് ഒരു ലക്ഷം രൂപ വീതം വിദ്യാർത്ഥികൾക്ക് കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്തു. തങ്ങൾ പോപ്പുലർ ഫ്രന്റിന്റെ ആളുകളായതിനാൽ വഴങ്ങിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിയെന്നും വിദ്യാർത്ഥികൾ ഇവാർത്തയോട് പറഞ്ഞു.

കാർഡിയാക് കെയർ പോലെയുള്ള അലീഡ് ഹെൽത് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നാം വർഷമായിട്ടും ആശുപത്രിയിൽ പരിശീലനത്തിനു അവസരമൊരുക്കാതെയായപ്പോഴാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.