കര്‍ണാടകയില്‍ വീണ്ടും ട്വിസ്റ്റ്: യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു; ഇന്ന് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

single-img
26 July 2019

കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇന്ന് അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശ വാദം ഉന്നയിച്ചു. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു.

സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം. ഇന്ന് 12.30ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം.

കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. കോണ്‍ഗ്രസിന്റെ 11, ദളിന്റെ 3 വിമതരെ അയോഗ്യരാക്കുകയോ, രാജി സ്വീകരിക്കുകയോ ചെയ്താലേ സമാധാനത്തോടെ ഭരണത്തിലേറാനാകൂ എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍.

224 അംഗ സഭയില്‍ അംഗബലം 221 ആയി തുടര്‍ന്നാല്‍ (3 പേര്‍ക്ക് അയോഗ്യത) കേവലഭൂരിപക്ഷം 111 ആകും. 106 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. ഇതനുസരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാന്‍ സാങ്കേതികതടസ്സമുണ്ട്. ഇത് കാര്യമാക്കാതെയാണ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടത്.

അതേസമയം, 34 മന്ത്രിസ്ഥാനങ്ങളിലേക്ക് 56 ബിജെപി നേതാക്കള്‍ അവകാശവാദം ഉന്നയിച്ചേക്കാമെന്നാണു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദള്‍ വിമതരെ കൂടി മന്ത്രിസ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുകയെന്നതു ബിജെപിക്കു വലിയ കടമ്പയാകും. മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല.

തിടുക്കം പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്,ജെഡിഎസ് വിമത എംഎല്‍എമാരുടെ അയോഗ്യത നടപടികള്‍ സ്പീക്കര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സര്‍ക്കാര്‍ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

വിമതരില്‍ മൂന്ന് പേരെ വ്യാഴാഴ്ച സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തഹള്ളി എന്നിവരേയും സ്വതന്ത്രന്‍ എന്ന് അവകാശപ്പെട്ടിരുന്ന ആര്‍.ശങ്കറിനേയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതോടൊപ്പം ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്ന് കേന്ദ്രനേതൃത്വം കണക്കുകൂട്ടിയിരുന്നു. അതിനൊപ്പം അയോഗ്യതാ നടപടികളുടെ തീരുമാനം വരുന്നത് വരെ രാഷ്ട്രപതി ഭരണം എന്ന നിര്‍ദേശവും പരിഗണനയിലുണ്ടായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന് ശേഷമാണോ യെദ്യൂരപ്പ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടത് എന്ന് വ്യക്തമല്ല.