സിപിഐയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; ഒറ്റപ്പെട്ട് കാനം; ആയുധം വീണുകിട്ടിയ സന്തോഷത്തില്‍ എതിര്‍പക്ഷം

single-img
26 July 2019

സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് തല്ലി കൈയൊടിച്ചതിനെച്ചൊല്ലിയുള്ള പാര്‍ട്ടിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. ‘പാര്‍ട്ടിക്കാരെ പൊലീസ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നില്ല അങ്ങോട്ട് പോയി അടി വാങ്ങുകയായിരുന്നു’ എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന പാര്‍ട്ടിയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ഇതിനിടെ എറണാകുളം ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാതെ കാനം കണ്ണൂരിലേക്ക് മടങ്ങി. യോഗത്തിനെത്തിയാല്‍ പോലീസിനെ ന്യായീകരിച്ചതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിക്കെതിരേ രൂക്ഷ വിമര്‍ശനം ഉണ്ടാകാന്‍ സാധ്യതയേറയായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് കാനം മുങ്ങിയത് എന്നാണ് വിവരം.

ഇന്ന് നടക്കുന്ന ജില്ലാ എക്‌സിക്യുട്ടീവില്‍ കാനം രാജേന്ദ്രന്‍ പങ്കെടുത്തേക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയടക്കം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നാണ് മടങ്ങുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

അതേസമയം കാനം രാജേന്ദ്രനെതിരെയുള്ള നീക്കം കെ.ഇ. ഇസ്മായില്‍ പക്ഷം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കാനം രാജിവയ്ക്കണമെന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്നുമുള്ള ചുവരെഴുത്ത് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന്റെ മതിലില്‍ പ്രത്യക്ഷപ്പെട്ടത് ഇതിനു തെളിവാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കാനത്തിന്റെ സമീപനം മുന്‍ഗാമികള്‍ക്ക് ചേര്‍ന്നതല്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായി ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ തിരുവനന്തപുരം ഡെപ്യൂട്ടി മേയറും മുന്‍ എഐവൈഎഫ് നേതാവുമായ രാഖി രവികുമാര്‍ അടക്കമുള്ള വനിതാ പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വെളിയം ഭാര്‍ഗവന്‍ അവരെ സ്റ്റേഷനില്‍ നിന്നും ഇറക്കുവാനായി മുണ്ടും മടക്കി കുത്തി കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിയതും അവരെ ശക്തമായ ഇടപെടലിലൂടെ ഇറക്കി കൊണ്ടുപോയതും ഓര്‍മ്മിപ്പിച്ചാണ് കാനത്തിനെതിരേ നീക്കവുമായി പാര്‍ട്ടിയിലെ വിമത വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറിക്കെതിരേ അമര്‍ഷം ഉണ്ടെങ്കിലും നേതാക്കളാരും പരസ്യ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന സെക്രട്ടറി തന്നെ പോലീസ് നടപടിയെ വെള്ളപൂശിയതോടെ സിഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെടുന്നത് എങ്ങനെയെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. വിഷയത്തില്‍ കാനത്തെ പിന്തുണച്ച് നേതാക്കളാരും ഇതുവരെ രംഗത്തെത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

നേരത്തെ പല വിഷയങ്ങളിലും സിപിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്ന കാനം ഇപ്പോള്‍ സിപിഎമ്മിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും പല കാര്യങ്ങളുമായി യോജിച്ചു പോകുന്ന സമീപനമാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടേത്. കാനത്തിന്റെ പെട്ടെന്നുള്ള ശൈലിമാറ്റം എന്തുകൊണ്ടാണെന്ന ചോദ്യം അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നു തന്നെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

കാനം ഏതെങ്കിലും തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ലെന്ന് മുന്‍ എംപി സി.എന്‍.ജയദേവന്‍ പറഞ്ഞതും സിപിഐക്കുള്ളിലെ ഭിന്നത മറനീക്കുന്നതാണ്. സി.കെ.ചന്ദ്രപ്പനും വെളിയവും നയിച്ചതുപോലെ പാര്‍ട്ടിയെ നയിക്കുന്ന കാനത്തിനെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. എന്തായാലും കാനത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് ഇസ്മായില്‍ പക്ഷം സസൂക്ഷമം നോക്കുകയാണ്. നിലവില്‍ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി മുതലാക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.