ബാങ്കുകൾ വായ്പ്പ തിരിച്ചുപിടിക്കാൻ അധോലോക സംഘങ്ങളെ ഏൽപ്പിക്കുന്നുവെന്ന് മുഖ്യമന്തി

single-img
25 July 2019

ബാങ്കുകൾ വായ്പ്പകൾ തിരിച്ചുപിടിക്കാൻ അധോലോകസംഘങ്ങളെ ഏർപ്പാടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആൾ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വശത്ത് സർക്കാർ കിടപ്പാടമില്ലാത്തവർക്കായ് കിടപ്പാടം ഉണ്ടാക്കാനായി പണിയെടുക്കുമ്പോൾ സർഫേസി ആക്ട് വഴി ബാങ്കുകൾ കിടപ്പാടങ്ങൾ ഇല്ലാതാക്കുകയാണെന്നും പിണറായി ആരോപിച്ചു.

നീരവ് മോദിയെയും വിജയ് മല്യയെയും പോലുള്ള കുത്തകമുതലാളിമാർക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടം വരുത്തി വെച്ച് രാജ്യം വിടാനുള്ള സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ചെറിയ വായ്പയെടുത്ത സാധാരണക്കാർക്ക് സർഫേസി ആക്ടിന്റെ പേരിൽ കിടപ്പാടം നഷ്ടമാവുന്നു. ഈ അന്തരം ഗുരുതരമായൊരു രാഷ്ട്രീയപ്രശ്നമാകുന്നു. ഏതെല്ലാം തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടും വലിയ ഫലം ഉണ്ടാക്കാൻ കഴിയുന്നില്ല. സാധാരണക്കാർക്ക് സർഫേസി ആക്ട് കൊണ്ടുണ്ടാകുന്ന കഷ്ടതകൾക്ക് പരിഹാരം കാണാൻ സംസ്ഥാനസർക്കാർ ബാങ്കുകളുടെ യോഗം വിളിച്ച് കൂട്ടുകയുണ്ടായി. പക്ഷെ പൊതുനയത്തിന്റെ ഭാഗമായുള്ള നടപടികൾ തുടർന്ന് പോരുകയാണുണ്ടായത്.

മുഖ്യമന്ത്രി പറഞ്ഞു.

പൊതു-ജനകീയബാങ്കിംഗ് മേഖലയെ തകർക്കാനുള്ള ആസൂത്രിതമായൊരു നീക്കമാണിവിടെയുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരത്തിൽ പൊതുമേഖലാബാങ്കുകളെ അസ്ഥിരപ്പെടുത്തുന്നതിലൂടെ ബഹുരാഷ്ട്ര ബാങ്കിംഗ് കുത്തകകൾക്ക് ഇന്ത്യൻ ധനമേഖലയിലേക്ക് കടന്ന് കയറാനുള്ള സാഹചര്യങ്ങൾ തുറന്ന് കൊടുക്കുകയാണ്. ഇതാകട്ടെ ഇന്ത്യൻ ജനതയെ ഇനിയുമൊരിക്കൽ കൂടി കൊടിയ വൈദേശികചൂഷണത്തിന് വിട്ട് കൊടുക്കയും ചെയ്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള അസ്ഥിരപ്പെടുത്തലുകളുടെ ഫലമായി 1,06,000 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ റീകാപ്പിറ്റലൈസേഷന് വേണ്ടി ചെലവാക്കേണ്ടി വന്നിട്ടുള്ളത്. ഈ വർഷത്തെ കേന്ദ്രബജറ്റിൽ 70,000 കോടി രൂപയാണ് ബാങ്കുകളിലേക്ക് ഇൻഫ്യൂസ് ചെയ്യുന്നത്. ഇതത്രയും അടിസ്ഥാനസൗകര്യവികസനത്തിനോ ആരോഗ്യവിദ്യാഭ്യാസമേഖലകളുടെ വളർച്ചയ്‌ക്കോ വേണ്ടി ചിലവഴിക്കേണ്ടിയിരുന്ന ജനങ്ങളുടെ നികുതിപണമാണ്. ജനങ്ങൾ കഷ്ടപ്പെട്ടു നീക്കി വെക്കുന്ന സമ്പാദ്യം തങ്ങളുടെ സുഹൃത്തുക്കളായ കുത്തകമുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്ന ഒരു സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

മുഖ്യമന്ത്രി പറഞ്ഞു.

ഇന്ദിര ഗാന്ധി നടപ്പിലാക്കിയ ബാങ്ക് ദേശസാൽക്കരണത്തെ ഇന്ദിര ഗാന്ധിയുടെ പാർട്ടി തന്നെ തുരങ്കം വെയ്ക്കുകയാണുണ്ടായത്. 91ലെ കോൺഗ്രസ് സർക്കാറാണിതിന് തുടക്കം കുറിച്ചത്. പൊതുമേഖലയെ അപ്പാടെ സ്വകാര്യവൽക്കരിക്കുന്ന ഒരു കാഴ്ചയാണ് പിന്നീട് കാണുന്നത്. 2014ന് ശേഷം അതിന്റെ ആക്കം കൂടിയിരിക്കുന്നു. ജനകീയ ബാങ്കിംഗിനെ അട്ടിമറിക്കുന്ന നയപരിപാടികളാണ് 91ന് ശേഷം ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.