കെ.എസ്.യു പ്രവർത്തകർ ചായകുടിച്ച പണം ‘അണ്ണൻ’ കൊടുത്തില്ല: എസ്എഫ്ഐക്കാർ പണം പിരിച്ചുനൽകി

single-img
25 July 2019

കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ചായയും പലഹാരങ്ങളും കഴിച്ചതിന്റെ പണം കിട്ടിയില്ലെന്ന് ആരോപണം ഉന്നയിച്ച കാന്റീൻ ജീവനക്കാരന് പണം പിരിച്ചു നൽകി എസ്എഫ്ഐ പ്രവർത്തകർ. സെക്രട്ടേറിയറ്റിന്റെ പുറകിലുള്ള പ്രസ് ക്ലബ്ബ് കാന്റീൻ നടത്തുന്ന ദിലീപിനാണ് എസ്എഫ്ഐ പ്രവർത്തകർ പണം സമാഹരിച്ചു നൽകിയത്.

യൂണിവേഴ്സിറ്റി കോളജിലെ പൂർവ്വവിദ്യാർത്ഥികളാണ് ധനസമാഹരണത്തിനായി എസ്എഫ്ഐ പ്രവർത്തകരെ സഹായിച്ചത്. കുന്നുകുഴിവാർഡ് കൌൺസിലറും സിപിഎം നേതാവുമായ ഐപി ബിനുവാണ് പിരിച്ചെടുത്ത തുക കടയുടമയ്ക്ക് കൈമാറിയത്. തന്റെ ഫെയ്സ്ബുക് പേജിൽ അദ്ദേഹം ഇക്കാര്യം ഷെയർ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയിൽ കോളേജിന്റെ പേരിൽ നടന്ന അക്രമസമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ്സുകാരനും, കെഎസ് യൂ ക്കാരും ബോണ്ടയും ചായയും കുടിച്ച് പണം കൊടുക്കാതെ പറ്റിച്ച പ്രസ്ക്ലബിന് സമീപം ചായക്കട നടത്തുന്ന ശ്രീ ദിലീപിന് വന്ന സാമ്പത്തിക നഷ്ടത്തിന് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും കൈത്താങ്ങ്, മിനുട്ടുകൾ കൊണ്ട് ശേഖരിച്ച തുക ശ്രീ ദിലീപിന് കൈമാറുന്നു…

Posted by IP Binu on Thursday, July 25, 2019

ദിലീപിന്റെ കാന്റീനിൽ നിന്നും ചായയും മോദകമടക്കമുള്ള പലഹാരങ്ങളും വാങ്ങിക്കഴിച്ച കെ.എസ്.യു പ്രവർത്തകർ പണം നൽകാത്തതുമൂലം തനിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം കൌമുദി ടിവിയാണ് റിപ്പോർട്ട് ചെയ്തത്.

പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘങ്ങളായി വന്ന കെ.എസ്.യു പ്രവർത്തകർ ചായയും പലഹാരവുംകഴിച്ച ശേഷം “അണ്ണൻ തരും” എന്ന് പറഞ്ഞതായി ദിലീപ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആരും പണം നൽകുന്നില്ലെന്ന് കണ്ടതോടെ കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ താൻ കടയുടെ ഷട്ടറിടുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു.