ലോകകപ്പ് തോല്‍വിയില്‍ നിന്ന് ഏറെ പഠിച്ചെന്ന് വിരാട് കോലി

single-img
25 July 2019

ലോകകപ്പ് തോല്‍വിയില്‍ നിന്ന് ഏറെ പഠിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ലോകകപ്പ് തോല്‍വി തളര്‍ത്തുന്നതിലുപരി പ്രചോദിപ്പിക്കുകയാണു ചെയ്തത്. മോശം സമയത്ത് ആരെല്ലാം ഒപ്പമുണ്ടാകുമെന്ന് മനസിലായി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കോലി മനസു തുറന്നത്.

തോല്‍വിയെക്കുറിച്ച് ഓര്‍ക്കാതെ അതുവരെ കാഴ്ചവച്ച പ്രകടനത്തെക്കുറിച്ച് ഓര്‍ക്കുക. സെമിയില്‍ എന്തു സംഭവിച്ചുവെന്ന് ഓര്‍ത്തു സ്വയം സമ്മര്‍ദത്തിലാകരുതെന്നാണു സഹതാരങ്ങളോടു പറഞ്ഞത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന മല്‍സരങ്ങളിലാണ് ഇനിയുള്ള ശ്രദ്ധ.

ഡ്രസിങ് റൂമിനകത്തു വലുപ്പ ചെറുപ്പമില്ല. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവസരമുണ്ട്. ക്രീസിലെ പിഴവുകളുടെ പേരില്‍ ഡ്രസിങ് റൂമിലെത്തി വഴക്കുപറയുന്ന ക്യാപ്റ്റന്റെ കാലം കഴിഞ്ഞു. ഈ ടീമിൽ കളിക്കണമെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്തേ പറ്റൂവെന്ന് ഒരു താരത്തോടും പറഞ്ഞിട്ടില്ല.

ഞാനെന്റെ ജോലിയാണു ചെയ്യുന്നത്. ജിമ്മിലും പരിശീലന സമയത്തും ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഞാനെന്റെ 120 ശതമാനവും ക്രിക്കറ്റിൽ നൽകുന്നു. വിജയിക്കുന്നവർക്കു മാത്രമാണ് ഇവിടെ പിന്തുണ ലഭിക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്നും കോലി പറഞ്ഞു.