ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 1.5 കിലോ ആഭരണങ്ങളും 90 നാണയങ്ങളും: അമ്പരന്ന് ഡോക്ടര്‍മാര്‍

single-img
25 July 2019

യുവതിയുടെ വയര്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി. കണ്ടെത്തിയത് ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും. മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും അഞ്ചുരൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങളുമാണ് 26കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തതെന്ന് രാംപുരഹട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ സിദ്ധാര്‍ത്ഥ് ബിസ്വാസ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബിര്‍ബം ജില്ലയില്‍ ബുധനാഴ്ചയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി യുവതിയുടെ അമ്മ പറഞ്ഞു. കുറച്ചുദിവസങ്ങളായി അക്രമവാസന കാണിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

അടുത്ത കാലത്തായി വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചാല്‍ യുവതി കരച്ചില്‍ തുടങ്ങുമായിരുന്നെന്നും അമ്മ പറഞ്ഞു. ഇതേ തുടര്‍ന്ന് യുവതിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.