തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ: സുഹൃത്തായ സൈനികന്‍ ഒളിവില്‍

single-img
24 July 2019

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. അമ്പൂരിക്ക് സമീപം തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൂവാര്‍ സ്വദേശിനിയായ രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പറമ്പിൽ കുഴിച്ചിട്ട നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഒരുമാസത്തോളമായി രാഖിയെ കാണാനില്ലായിരുന്നു. അത് സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. രാഖി ഉപയോഗിച്ചിരുന്ന ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം . സൈനികൻ കൂടിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തില്‍ അഖിലിന്റെ സുഹൃത്ത് ആദര്‍ശിനെ നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒരു സ്വകാര്യ ചാനല്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട രാഖി.