സര്‍ക്കാര്‍ വിരുദ്ധരും രാജ്യസ്നേഹികളുമാകാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു പോലെ കഴിയും; കേന്ദ്രസർക്കാരിനെതിരെ മഹുവ മോയ്ത്ര

single-img
24 July 2019

കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് വീണ്ടും ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്ര. കേന്ദ്രസര്‍ക്കാരിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ അധിക്ഷേപിക്കുകയും ട്രോളുകളിലൂടെ ആക്രമിച്ച് ഇല്ലാതാക്കാനുമാണ് മോദിയുടെ സര്‍ക്കാര്‍ അനുകൂലികള്‍ ചെയ്യുന്നതെന്ന് മഹുവ മോയ്ത്ര ആരോപിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്ക് രാജ്യവിരുദ്ധരാകാതെ തന്നെ സര്‍ക്കാര്‍ വിരുദ്ധരാകാന്‍ കഴിയുമെന്നും മഹുവ മോയ്ത്ര അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്ത സമയത്താണ് മഹുവ മോയ്ത്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. നിങ്ങള്‍ സര്‍ക്കാരിന് ഒപ്പമാണെങ്കില്‍ അവര് ദൈവമാണെന്നും, അല്ലെങ്കില്‍ പിശാചായാണ് പരിഗണിക്കുകയെന്നും, ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഹുവ മോയ്ത്ര പറഞ്ഞു.

സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നടപടിയെ വിമര്‍ശിച്ചാണ് മഹുവ മോയ്ത്ര ലോക്സഭയില്‍ വിമര്‍ശനമുന്നയിച്ചത്. രാജ്യത്തിന്റെ സുരക്ഷ, നിയമം, നീതി നിര്‍വ്വഹണം എന്നീ വിഷയങ്ങളില്‍ വിസ്സമ്മതമറിയിക്കുമ്പോള്‍ എന്തിനാണ് എല്ലായ്പ്പോഴും പ്രതിപക്ഷത്തിരിക്കുന്ന നമ്മളെ രാജ്യദ്രോഹികളാക്കുന്നതെന്നും മഹുവ മോയ്ത്ര ചോദിച്ചു. ഒരേസമയം സര്‍ക്കാര്‍ വിരുദ്ധരും രാജ്യസ്നേഹികളുമാകാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുമെന്നും മഹുവ മോയ്ത്ര അഭിപ്രായപ്പെട്ടു.

ഈ സമയം മഹുവ മോയ്ത്രയുടെ പ്രസംഗത്തെ ബിജെപി എംപിമാര്‍ ലോക്സഭയില്‍ തടസ്സപ്പെടുത്തുകയുണ്ടായി. എം പി സര്‍ക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് അഹ്‍ലുവാലിയ അഭിപ്രായപ്പെട്ടു. എന്നാല്‍സഭയിലെ ആര്‍ക്കെതിരെയുമുള്ള വ്യക്തിപരമായ പരാമര്‍ശമല്ല താന്‍ ഉന്നയിച്ചതെന്നും സര്‍ക്കാരിന്റെ പ്രചാരണ മെഷീനറികളെയും ട്രോള്‍ ആര്‍മികളെയുമാണ് താന്‍ ഉന്നമിട്ടതെന്നും മഹുവ മോയ്ത്ര വ്യക്തമാക്കി. സത്യം എന്നത് സത്യം തന്നെയാണ്, അത് എത്ര ചെറിയ ശതമാനം ആളുകളാണ് പറയുന്നതെങ്കിലും എന്ന ജോര്‍ജ് ഓര്‍വലിന്റെ വാക്യവും മഹുവ മോയ്ത്ര സഭയിലുയര്‍ത്തി.