ആഭ്യന്തര വകുപ്പ് പരാജയം, പൊലീസ് സംവിധാനം നല്ല നിലക്കല്ലെന്ന് സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം

single-img
24 July 2019

കൊച്ചി: കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലക്കല്ല പോകുന്നതെന്ന് സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം. പൊലീസിന് വീഴ്ചയുണ്ടായാൽ അത് ചൂണ്ടിക്കാണിക്കാൻ സി.പി.ഐക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സി.പി.ഐയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്താൽ ശക്തമായി പ്രതികരിക്കും. ആവശ്യമെങ്കിൽ സമരം തന്നെ നടത്തും. ശക്തമായ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും നടത്തിയിട്ടുള്ള പാർട്ടിയാണ് സി.പി.ഐ. സമരം ചെയ്യാനോ അടിവാങ്ങുന്നതിനോ പാർട്ടി പ്രവർത്തകർക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാനം രാജേന്ദ്രൻ അടക്കമുള്ളവരാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് പറയേണ്ടത്. വിവിധ തലങ്ങളിൽ സി.പി.ഐ -സി.പി.എം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അത് പരിഹരിക്കാവുന്ന കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് ലാത്തിച്ചാർജിൽ തനിക്ക് പരിക്കേറ്റ സംഭവത്തിൽ നീതിക്കും ന്യായത്തിനും നിരക്കാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശരിയായ വാർത്തകൾ പത്ര, ചാനൽ മാധ്യമങ്ങൾ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും എൽദോ എബ്രഹാം പറഞ്ഞു.