യെദിയൂരപ്പ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

single-img
24 July 2019

ബംഗളൂരു: ബി.എസ്. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഇന്ന് ചേരുന്ന ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിൽ യെദിയൂരപ്പയെ കക്ഷി നേതാവായി തെരഞ്ഞെടുക്കും. തുടർന്ന് ഗവർണർ വാജുഭായ് വാലയെ കണ്ട്  സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. കൂടാതെ, സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വ്യക്തമാക്കുന്ന കത്തും ഗവർണർക്ക് കൈമാറും. 

നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ട് സ്വതന്ത്രന്മാർ അടക്കം 107 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്. അതേസമയം, മുംബൈയിൽ കഴിയുന്ന വിമത കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് ബംഗളൂരുവിൽ മടങ്ങിയെത്തുെമന്ന് വിവരമുണ്ട്. 

ചൊവ്വാഴ്ച രാത്രി നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടിരുന്നു. ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യ​ട​ക്കം 99 പേ​ർ സർക്കാറിനെയും 105 പേ​ർ ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെയും പിന്തുണച്ചു.