
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നടന് സൂര്യ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയേറുന്നു. നേരത്തെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനടക്കം സിനിമാമേഖലയില്‍നിന്നുള്ള പ്രമുഖര്‍ സൂര്യക്ക് പിന്തുണയറിയിച്ചതിന് പിന്നാല സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി.
എല്ലാവര്ക്കും തുല്യവിദ്യാഭ്യാസം നല്‍കാതെ കോഴ്സുകളിലേക്ക് പൊതുപ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്തുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നാണ് കഴിഞ്ഞയാഴ്ച ഒരു പരിപാടിയില്‍ സൂര്യ ചോദിച്ചത്. ത്രിഭാഷാപദ്ധതി ഏര്‍പ്പെടുത്തുന്നതിനെയും താരം വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സൂര്യക്കെതിരെ ബിജെപിയും എഐഎഡിഎംകെയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
ദേശീയവിദ്യാഭ്യാസനയത്തിനെതിരേ സംസാരിക്കാന്‍ സൂര്യക്ക് എന്തു യോഗ്യതയാണുള്ളതെന്ന് ബി.ജെ.പി. തമിഴ്നാട് ഘടകം അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന് ചോദിച്ചു. ദേശീയനയത്തെ ചോദ്യംചെയ്യണമെന്നു പറയുന്നതുവഴി സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സൂര്യ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയും ആരോപിച്ചു.
ഇതിനിടയിലാണ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരിക്കുന്ന രജനിയുടെ പിന്തുണ. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന, സൂര്യയുടെ പുതിയ ചലച്ചിത്രം കാപ്പാന്റെ ഓഡിയോ റിലീസില്‍ പങ്കെടുത്തപ്പോഴാണ് രജനീകാന്ത് പിന്തുണയറിയച്ചത്.
‘സൂര്യ പങ്കുവെച്ച ആശങ്കകളോട് ഞാനും യോജിക്കുന്നു. ഒരുപാടുപേര്‍ക്ക് അദ്ദേഹം വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നയാളാണ് സൂര്യ. അതുകൊണ്ടാണ് സൂര്യ പ്രതികരിച്ചത്. രജനി പറഞ്ഞിരുന്നെങ്കില്‍ പ്രധാനമന്ത്രി ഈ വിഷയമറിഞ്ഞേനെ എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ സൂര്യ പറഞ്ഞത് ഇതിനകംതന്നെ മോദി അറിഞ്ഞിട്ടുണ്ടാകും’ രജനീകാന്ത് പറഞ്ഞു.