വിവരാവകാശ നിയമത്തെ മോദി സര്‍ക്കാര്‍ ഒരു ശല്യമായി കാണുന്നു; ശ്രമിക്കുന്നത് നിയമത്തെ അട്ടിമറിക്കാന്‍: ആഞ്ഞടിച്ച് സോണിയാ ഗാന്ധി • ഇ വാർത്ത | evartha
National

വിവരാവകാശ നിയമത്തെ മോദി സര്‍ക്കാര്‍ ഒരു ശല്യമായി കാണുന്നു; ശ്രമിക്കുന്നത് നിയമത്തെ അട്ടിമറിക്കാന്‍: ആഞ്ഞടിച്ച് സോണിയാ ഗാന്ധി

വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും സോണിയ ആരോപിച്ചു. ലോക്‌സഭയില്‍ വിവരാവകാശ നിയമഭേദഗതി ബില്‍ പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു സോണിയ.

വളരെയധികം ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് പാര്‍ലമെന്റ് വിവരാവകാശ നിയമം ഏകകണ്ഠമായി പാസ്സാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആ നിയമം നാശത്തിന്റെ വക്കിലാണ്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. കേന്ദ്രസംസ്ഥാന തലങ്ങളിലെ വിവരാവകാശ കമ്മിഷണര്‍മാരുടെ പ്രവര്‍ത്തനകാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. പ്രതിപക്ഷ എതിര്‍പ്പിനിടയില്‍ 79നെതിരെ 218 വോട്ടിനാണ് വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായത്.