പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; സംഭവം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ • ഇ വാർത്ത | evartha
Kerala, Latest News

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; സംഭവം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍

പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ യുവതി കുത്തിവയ്പിനെ തുടര്‍ന്ന് മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് 36 കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കയറ്റിയ യുവതിയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. തിയറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്‌സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായി അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു.

അനസ്‌തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദേശത്ത് നഴ്‌സായ യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടില്‍ വന്നതാണ്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

കടപ്പാട്: മനോരമ