ശബരിമല ആചാരസംരക്ഷണം: സ്വകാര്യബില്ലിന് സ്പീക്കര്‍ വീണ്ടും അനുവാദം നിഷേധിച്ചു • ഇ വാർത്ത | evartha
Kerala

ശബരിമല ആചാരസംരക്ഷണം: സ്വകാര്യബില്ലിന് സ്പീക്കര്‍ വീണ്ടും അനുവാദം നിഷേധിച്ചു

ശബരിമല ആചാരസംരക്ഷണം ലക്ഷ്യമിട്ടുള്ള സ്വകാര്യബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള അപേക്ഷ സ്പീക്കര്‍ തള്ളി. എം. വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അപേക്ഷയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തള്ളിയത്. ശബരിമല വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കണക്കാക്കണം, നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കണം എന്നിവയാണ് എം.വിന്‍സെന്റിന്റെ ബില്ലിലെ പ്രധാന ആവശ്യങ്ങള്‍.

ഇക്കാര്യങ്ങളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബില്ലിന് പ്രസക്തിയില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ബില്‍ നിയമപരമായി നിലനില്‍ക്കില്ല. ബില്‍ പരിഗണിച്ചാല്‍ സുപ്രീംകോടതി വിധിക്കെതിരാവുമെന്നും നിയമസഭക്ക് അതിനുള്ള അധികാരമില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശനം വിലക്കുന്നത് സംബന്ധിച്ച അനൗദ്യോഗിക ബില്‍ അവതരിപ്പിക്കാനാണ് എം. വിന്‍സെന്റ് സ്പീക്കറുടെ അനുമതി തേടിയത്. ബില്ലിന് 2018ല്‍ അവതരണാനുമായി നിഷേധിച്ചിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.