മോദി രാജ്യത്തെ വഞ്ചിച്ചു; ആ കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടണമെന്ന് രാഹുല്‍ ഗാന്ധി

single-img
23 July 2019

കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താത്പര്യങ്ങളെ ബലികൊടുത്തുവെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുല്‍ ഗാന്ധി എം.പി. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം.

അത് സത്യമാണെങ്കില്‍ മോദി ഇന്ത്യയുടെ താത്പര്യങ്ങളെയും 1972ലെ ഷിംലാ കരാറിലെ വ്യവസ്ഥകളെയും ബലികൊടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിഷേധക്കുറിപ്പ് മതിയാകില്ല. ട്രംപുമായുള്ള യോഗത്തില്‍ എന്തൊക്കെയാണ് സംസാര വിഷയമായതെന്ന് മോദി രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, കശ്മീര്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്താനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം രാജ്യസഭയില്‍ വിശദീകരിച്ചു.

പാകിസ്താനുമായുള്ള എല്ലാ കരാറുകളും ഉഭയകക്ഷി സംബന്ധമായ കാര്യമാണെന്ന് ആവര്‍ത്തിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങൂ. ഷിംല ഉടമ്പടിയും ലാഹോര്‍ പ്രഖ്യാപനവും ഉള്‍പ്പെടെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുള്ള വഴിയുണ്ട്.

തന്റെ വിശദീകരണം വിഷയത്തിലുള്ള ആശങ്കകളില്ലാതാക്കിയെന്ന് പ്രതീക്ഷിക്കുന്നതായും ജയ്ശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ യു.എസ്. പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് 12 മണി വരെ നിര്‍ത്തിവച്ചിരുന്നു.