മോദിയുടെ സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിനാണോ വിവരാവകാശ ഭേദഗതി; കേന്ദ്രത്തോടു തരൂര്‍ • ഇ വാർത്ത | evartha
National

മോദിയുടെ സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിനാണോ വിവരാവകാശ ഭേദഗതി; കേന്ദ്രത്തോടു തരൂര്‍

തിങ്കളാഴ്ചയാണ് വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. കേന്ദ്രസംസ്ഥാന തലങ്ങളിലെ വിവരാവകാശ കമ്മീഷണര്‍മാരുടെ പ്രവര്‍ത്തനകാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. വിവരാവകാശനിയമത്തില്‍ വെള്ളംചേര്‍ക്കാനുള്ള നീക്കമാണിതെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. തുടര്‍ന്ന് 79നെതിരേ 218 വോട്ടിനാണ് ബില്‍ പാസായത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടതു കൊണ്ടാണോ വിവരാവകാശ നിയമത്തില്‍ തിടുക്കത്തില്‍ ഭേഗദതികള്‍ വരുത്തുന്നതെന്ന ചോദ്യമുന്നയിച്ച് ശശി തരൂര്‍ എംപി രംഗത്തെത്തി. വിവരാവകാശ ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ശശി തരൂര്‍ ഇക്കാര്യം ചോദ്യം ചെയ്തത്.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവരവകാശ നിയമത്തിന്റെ സഹായത്തോടെ സ്ഥാനാര്‍ഥികള്‍ നല്‍കിയ രേഖകളും മറ്റും പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താനും കഴിഞ്ഞിരുന്നു.

ശക്തരായ പല ഉദ്യോഗസ്ഥരും വെളിപ്പെടുത്താന്‍ മടിച്ച പല നിര്‍ണായക രേഖകളും വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഇക്കാരണങ്ങളാല്‍ പ്രകോപിതരായിട്ടാണോ വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടു ഭേദഗതി വരുത്തിയതെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.