'ആ എല്‍ദോ അല്ല ഈ എല്‍ദോ'; ഫോണ്‍ വിളികള്‍ക്ക് സമാധാനം പറഞ്ഞു മടുത്തെന്ന് എല്‍ദോസ് കുന്നപ്പള്ളി • ഇ വാർത്ത | evartha
Kerala

‘ആ എല്‍ദോ അല്ല ഈ എല്‍ദോ’; ഫോണ്‍ വിളികള്‍ക്ക് സമാധാനം പറഞ്ഞു മടുത്തെന്ന് എല്‍ദോസ് കുന്നപ്പള്ളി

പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയ ആ എല്‍ദോ താനല്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. കൊച്ചിയില്‍ നടന്ന പൊലീസ് നടപടിയില്‍ എംഎല്‍എ എല്‍ദോയ്ക്ക് പരിക്ക് പറ്റിയ വാര്‍ത്ത വന്നതോടെ ഫോണ്‍ വിളികള്‍ തുരുതുരാ എത്തിയതോടെയാണ് പരിക്കേറ്റത് തനിക്കല്ല സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമിനാണ് എന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ എംഎല്‍എയ്ക്ക് ഫേസ്ബുക്ക് കുറിപ്പിടേണ്ടി വന്നത്.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ എംഎല്‍എയ്ക്ക് എങ്ങനെയുണ്ട് എന്നറിയാന്‍ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു ഫോണില്‍ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.