സിപിഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; എം.എൽ.എയെ അടക്കം വളഞ്ഞിട്ട് തല്ലി • ഇ വാർത്ത | evartha
Kerala

സിപിഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; എം.എൽ.എയെ അടക്കം വളഞ്ഞിട്ട് തല്ലി

വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പരിക്കേറ്റു. സിപിഐ ജില്ലാ നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. പുറത്ത് പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐ. നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ. ഡി.ഐ.ജി. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഇരുന്നൂറോളം പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തിരുന്നു.

പൊലീസ് ഐജി ഓഫിസിൽ നിന്നു മാറി ബാരിക്കേഡ് ഉപയോഗിച്ച് പ്രകടനം തടയുകയായിരുന്നു. മാർച്ച് അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പ്രകോപിതരായ ഒരുപക്ഷം പ്രവർത്തകർ ബാരിക്കേഡ് തകർത്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ശാന്തരാകാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടും ഇതു വകവയ്ക്കാതെയാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും അക്രമാസക്തരാകുകയും ചെയ്തത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇവർക്ക് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എൽദൊ ഏബ്രഹാം എംഎൽഎ ആരോപിച്ചു. ഇതിനെതിരെയാണ് ഭരണപക്ഷത്തുനിന്നു തന്നെയുള്ള പാർട്ടി സമരരംഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിലാവത്ത് അഴിച്ചു വിട്ട കോഴിയെപോലെയാണ് പെരുമാറുന്നത്. മാർച്ചിനിടെ പ്രകോപനമില്ലാതെയാണ് പ്രവർത്തകരെയും തന്നെയും തല്ലിച്ചതച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണിയിൽ തെറ്റുതിരുത്തൽ ശക്തിയായി തന്നെ സിപിഐ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വൈപ്പിൻ കോളേജിൽ കഴിഞ്ഞദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സി.പി.ഐ. ജില്ലാ സെക്രട്ടറി പി.രാജുവിനെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞിരുന്നു. ഇതോടെയാണ് സി.പി.എം.-സി.പി.ഐ. ബന്ധത്തിൽ ഉലച്ചിലുണ്ടായത്.