ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി • ഇ വാർത്ത | evartha
Breaking News

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ്‍ 92,153 വോട്ടുകള്‍ നേടിയപ്പോള്‍ ജെറിമി ഹണ്ടിന് 46,656 വോട്ടുകളാണ് ലഭിച്ചത്.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.

1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

1964ല്‍ ന്യൂയോര്‍ക്ക്‌സിറ്റിയിലാണ് ബോറിസ് ജോണ്‍സന്റെ ജനനം. ഓക്‌സ്ഫഡിലടക്കം പഠനം പൂര്‍ത്തീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്റെ ബ്രസല്‍സ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്റേതായി പുറത്തുവന്ന ലേഖനങ്ങള്‍. 1994ല്‍ ടെലിഗ്രാഫിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1999ല്‍ ദി സ്‌പെക്ടേറ്ററില്‍ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

അതിനിടെ 2001ല്‍ ഹെന്‍ലിയില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2008 മുതല്‍ 2016 വരെ ലണ്ടന്‍ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു. വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാര്‍ട്ടിയില്‍നിന്നുമടക്കം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകള്‍ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോണ്‍സന് മുന്നിലുമുള്ളത്. ബോറിസിന്റെ ബ്രക്‌സിറ്റ് നയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബോറിസിന്റെ നയങ്ങളോട് കടുത്ത എതിര്‍പ്പുള്ള ചില നേതാക്കള്‍ രാജിക്കൊരുങ്ങുന്നുണ്ട്.

ധനമന്ത്രി ഫിലിപ്പ് ഹാമണ്ട്, നിയമ മന്ത്രി ഡേവിഡ് ഗൗക്കെ എന്നിവരാണ് ബോറിസ് തലപ്പത്ത് എത്തിയാല്‍ രാജിയെന്ന് പ്രഖ്യാപിച്ച പ്രമുഖര്‍. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31ന് യൂറോപ്യന്‍ യൂനിയന്‍ വിടുകയെന്ന ബോറിസിന്റെ നയത്തോട് വിയോജിച്ചാണ് ഫിലിപ്പ് ഹാമണ്ടിന്റെ രാജി. ബ്രിട്ടന്‍ അപമാനിക്കപ്പെടാന്‍ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്.