'ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡണ്ട്?'; മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി അനില്‍ അക്കര എം.എല്‍.എ • ഇ വാർത്ത | evartha
Kerala

‘ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡണ്ട്?’; മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി അനില്‍ അക്കര എം.എല്‍.എ

തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലെന്നും ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് എന്ന ചോദ്യവുമായി അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാസങ്ങള്‍ കഴിഞ്ഞു, ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ, ആ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഡി.സി.സി പ്രസിഡണ്ടായിരുന്ന ടി.എന്‍ പ്രതാപന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു. എം.പി എന്ന നിലയില്‍ പാര്‍ലമെന്ററി പാര്‍ട്ടിക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടി വരുമെന്നതിനാല്‍ ഡി.സി.സി ചുമതല കൂടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന എ.ഐ.സി.സിക്കും കെ.പി.സി.സിക്കും നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു.

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തിരുന്നു. ആലത്തൂര്‍ എം.പിക്ക് വാഹനം വാങ്ങിനല്‍കാനുള്ള കമ്മിറ്റിയുടെ തീരുമാനത്തെ ന്യായീകരിച്ചവരില്‍ മുന്‍നിരയിലായിരുന്ന അനില്‍ അക്കര, കെ.പി.സി.സി പ്രസിഡണ്ടിന്റെ അഭിപ്രായങ്ങള്‍ ഏറെ ബഹുമാനത്തോടെ കാണുന്നുവെന്നാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ്, മുല്ലപ്പള്ളിക്കു നേരെയുള്ള ഒളിയമ്പെന്നു തോന്നിക്കുന്ന പോസ്റ്റുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. എം.എല്‍.എ പോസ്റ്റിനു കീഴില്‍ വന്ന കമന്റുകളില്‍ പലതും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിക്കുന്നതാണ്.