'അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ല താന്‍ എംപിയായത്'; മണ്ഡലത്തിലെ ശുചിത്വക്കുറവിനെക്കുറിച്ച് പരാതിപ്പെട്ടവരോട് പ്രജ്ഞാസിങ് ഠാക്കൂര്‍ • ഇ വാർത്ത | evartha
National

‘അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ല താന്‍ എംപിയായത്’; മണ്ഡലത്തിലെ ശുചിത്വക്കുറവിനെക്കുറിച്ച് പരാതിപ്പെട്ടവരോട് പ്രജ്ഞാസിങ് ഠാക്കൂര്‍

കക്കൂസും മാലിന്യ ഓടയും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് ഭോപാലിലെ ബിജെപി എംപിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് ബി.ജെ.പി എം.പിയുടെ പ്രതികരണം.

സെഹോര്‍ ജില്ലയിലെ ശുചിത്വക്കുറവിനും മാലിന്യത്തിനുമെതിരെ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോഴാണ് കക്കൂസും മാലിന്യ ഓടയും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് പ്രജ്ഞാസിങ് പറഞ്ഞത്. സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി എം.പിയുടെ മറിച്ചുള്ള പ്രതികരണം.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ‘അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും’ പ്രജ്ഞാ സിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.